മുൻ കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി, നൈപുണ്യ വികസന, സംരംഭക, ജലശക്തി വകുപ്പ് സഹ മന്ത്രി, മൂന്ന് തവണ പാർലമെന്റംഗം വൈസ് ചെയർമാൻ, വിഐഎഫ് സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് (VIF-CES)
ഇൻ്റൽ, സിലിക്കൺവാലി, കാലിഫോർണിയ, യുഎസ്എ
ഇൻ്റലിന്റെ മൈക്രോപ്രോസസർ ടീമിൽ സീനിയർ ഡിസൈൻ എൻജിനീയറും സിപിയു ആർക്കിടെക്റ്റുമായി പ്രവർത്തിച്ചു. ഇൻ്റലിന്റെ 80486 ഡിസൈൻ ടീമിലും, ടെക് ലോകത്ത് വഴിത്തിരിവ് സൃഷ്ടിച്ച പെൻ്റിയത്തിന്റെ ആർക്കിടെക്ചർ ടീമിലും അംഗമായിരുന്നു. ഇതിഹാസ സാന്നിധ്യമായ വിൻ ധാമിന്റെയും നിലവിലെ ഇൻ്റൽ സിഇഒ പാറ്റ് ഗെൽസിംഗറിന്റെയും കീഴിൽ പ്രവർത്തിച്ചു.
ബിപിഎൽ മൊബൈൽ 1994 – 2005
1991-ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 1994-ൽ ബിപിഎൽ മൊബൈൽ സ്ഥാപിച്ചു. ഇന്ത്യൻ ടെലികോം മേഖല കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലുലാർ നെറ്റ്വർക്കിന് അദ്ദേഹം രൂപം നൽകി. മറ്റ് കമ്പനികൾ ഒന്നോ രണ്ടോ വിപണികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അക്കാലത്ത് ഒരേ സമയം മുംബൈ, കേരളം, പുതുച്ചേരി, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അദ്ദേഹം മൊബൈൽ നെറ്റ്വർക്ക് എത്തിച്ചു.
സെല്ലുലാർ മേഖലയുടെ വളർച്ചയ്ക്കും വിജയത്തിനും വഴിയൊരുക്കി സ്വതന്ത്ര റെഗുലേറ്റർ സംവിധാനമായ ട്രായ്, പുതിയ ടെലികോം നയം എൻടിപി’99 എന്നിവയുടെ രൂപീകരണത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
വർഷങ്ങളോളം സെല്ലുലാർ മേഖലയിൽ സജീവമായി തുടർന്നെങ്കിലും, ഒരിക്കൽപ്പോലും അഴിമതികളിലേക്കും വിവാദങ്ങളിലേക്കും അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടില്ല. 2006-ൽ എ രാജയുടെ ഭരണകാലത്തിന് തുടക്കമായതോടെയാണ് അദ്ദേഹം ആ മേഖല വിട്ടത്.
ജൂപ്പിറ്റർ ക്യാപിറ്റൽ
2006-ൽ ഒരു സ്വകാര്യ ഇക്വിറ്റി നിക്ഷേപകനായി ജൂപ്പിറ്റർ ക്യാപിറ്റൽ സ്ഥാപിച്ചു, 2014 വരെ സ്ഥാപനത്തിന്റെ ചെയർമാനായി തുടർന്നു. മീഡിയ, ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ നിരവധി വിജയകരമായ ബ്രാൻഡുകൾക്ക് രൂപം നൽകുകയും നിക്ഷേപം നടത്തുകയും ചെയ്തു.
2007-ൽ 2ജി വിവാദം ആദ്യമായി പാർലമെന്റിൽ ഉന്നയിച്ചു. സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രമുഖ ടെലികോം കമ്പനികളുടെ ശക്തമായ സമ്മർദത്തെയും സ്വാധീന ശ്രമങ്ങളെയും എതിർത്ത ഒരേയൊരു വ്യക്തി അദ്ദേഹമായിരുന്നു. മാധ്യമങ്ങളിലും പാർലമെന്റിലും ശക്തമായ എതിർപ്പുകൾ ഉയർന്നിട്ടും 3G ലേലത്തിന് വേണ്ടി ശക്തമായി വാദിച്ചത് അദ്ദേഹം മാത്രമാണ്. മുമ്പ് സൗജന്യമായി നൽകിയിരുന്ന 2G സ്പെക്ട്രത്തിന്റെ വില എത്രത്തോളമുണ്ടായിരുന്നു എന്ന് ഈ ലേലത്തിലൂടെയാണ് വ്യക്തമായത്. ഇന്ന് ലക്ഷക്കണക്കിന് കോടി രൂപയാണ് ഇത്തരം ലേലങ്ങളിലൂടെ സർക്കാരിന് ലഭിക്കുന്നത്. ഈ മാറ്റം സംഭവിച്ചില്ലായിരുന്നു എങ്കിൽ, ഈ പണം ടെലികോം കമ്പനികൾക്കായിരുന്നു ലഭിക്കുക. സ്വതന്ത്ര എംപി എന്ന നിലയിലായിരുന്നു 2ജി അഴിമതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം. ഇതിന് വ്യക്തിപരമായി വലിയ വില കൊടുക്കേണ്ടി വന്നതിനൊപ്പം വെല്ലുവിളികളും നേരിടേണ്ടി വന്നു.
യുപിഎ സർക്കാർ ഐടി ആക്ടിലെ സെക്ഷൻ 66 എ ദുരുപയോഗം ചെയ്യുന്നതിനെതിരെ പാർലമെന്റിൽ ആദ്യമായി ശബ്ദമുയർത്തിയത് അദ്ദേഹമായിരുന്നു. പാർലമെന്റിൽ ഇക്കാര്യം ആവർത്തിച്ച് ഉന്നയിച്ചതിലൂടെ ഈ വിഷയം മാധ്യമശ്രദ്ധയിലേക്ക് കൊണ്ടുവരാനും സാധിച്ചു. പൊതുതാത്പര്യ ഹർജിയുൾപ്പെടെ, അദ്ദേഹത്തിന്റെ സജീവ ഇടപെടലുകളെ തുടർന്നാണ് സുപ്രീം കോടതി സെക്ഷൻ 66 എ റദ്ദാക്കിയത്. ഇതേ തുടർന്ന് ആ വർഷത്തെ ഇൻഡെക്സ് ഫ്രീഡം ഓഫ് എക്സ്പ്രഷൻ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 2010 മുതൽ തന്നെ അദ്ദേഹം പ്രവർത്തനം തുടങ്ങിയിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശ ബിൽ എന്ന പേരിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചു. മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നപ്പോഴും, അദ്ദേഹം ഈ അവകാശത്തിനായി പോരാട്ടം തുടർന്നു. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിന്യായത്തിലേക്ക് നയിച്ച പൊതുതാത്പര്യ ഹർജിയിലെ ഒരു ഹർജിക്കാരനും അദ്ദേഹമായിരുന്നു.
ഇന്റർനെറ്റിന്റെ പ്രവർത്തന രീതിയിൽ മാറ്റം വരുത്താനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള യുപിഎ സർക്കാരിന്റെ ശ്രമങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. ടെലികോം കമ്പനികൾക്ക് ഇന്റർനെറ്റ് ആക്സസ് നിയന്ത്രിക്കാൻ അനുവാദം നൽകാൻ യുപിഎ ശ്രമിച്ചപ്പോഴും അദ്ദേഹം ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ഇതേ തുടർന്ന് TRAI-യും സർക്കാരും ഈ നീക്കം പിൻവലിക്കാൻ നിർബന്ധിതരായി.
ആഗോള ഇന്റർനെറ്റ് ശൃംഖലയുടെ നിയന്ത്രണം യു.എൻ-സിഐആർപി എന്ന ഐക്യരാഷ്ട്ര സംഘടനയിലേക്ക് മാറ്റാനുള്ള ചൈനയുടെ ശ്രമത്തിന് പിന്തുണ നൽകാൻ മൻമോഹൻ സിംഗ് സർക്കാർ ശ്രമിച്ചപ്പോൾ, അതിനെതിരെ ബോധവത്കരണവുമായി മുന്നിൽ നിന്നതും അദ്ദേഹമായിരുന്നു. അതിലൂടെ ചൈനീസ് നീക്കത്തിന് തടയിടാനും കഴിഞ്ഞു. പിന്നീട്, നരേന്ദ്ര മോദി സർക്കാരാണ് ഈ നിലപാട് പൂർണ്ണമായി തിരുത്തുകയും ഇന്റർനെറ്റ് സർക്കാർ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി തുടരുമെന്ന് ഉറപ്പാക്കിയതും.
2009 മുതൽ, യുപിഎയുടെ ആധാർ പദ്ധതിക്കെതിരെ പാർലമെന്റിനകത്തും പുറത്തും സംസാരിച്ച ഒരേയൊരു വ്യക്തി അദ്ദേഹമായിരുന്നു. സ്വകാര്യത സംരക്ഷിക്കാൻ ആധാറിൽ സംവിധാനങ്ങൾ ഇല്ലാത്തതും, ശരിയായ നിയമത്തിന്റെ അഭാവവും, ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധമില്ലാത്തതുമടക്കം നിരവധി ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം മാത്രമാണ് ഈ പ്രശ്നങ്ങൾ പരിഹരിച്ചത്.
യുപിഎയുടെ ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്ക് വഴിവിട്ട് വായ്പ നൽകിയതിലൂടെ പൊതുമേഖല ബാങ്കുകളുടെ വർധിച്ചുവരുന്ന കിട്ടാക്കടത്തെയും നിഷ്ക്രിയ ആസ്തിയെയും കുറിച്ച് ആദ്യമായി ആശങ്ക ഉന്നയിച്ചത് അദ്ദേഹമായിരുന്നു. ബാങ്കിംഗ് സംവിധാനം പരിഷ്കരിക്കേണ്ടതിന്റെയും സാമ്പത്തിക മേഖല വികസിപ്പിക്കേണ്ടതിന്റെയും ആർബിഐയുടെ നിയന്ത്രണം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം ധാരാളം എഴുതുകയും സംസാരിക്കുകയും ചെയ്തു.
2006 മുതൽ, പാർലമെന്റിനകത്തും പുറത്തും ഒരു റാങ്ക് ഒരു പെൻഷൻ യാഥാർഥ്യമാക്കുന്നതിനായി അദ്ദേഹം ഒറ്റയ്ക്ക് പോരാടി. ഒരു റാങ്ക് ഒരു പെൻഷൻ നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്ന പെറ്റീഷൻ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.
സായുധ സേനാംഗങ്ങളുടെ വോട്ടവകാശത്തിനായി അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും പല തവണ സമീപിച്ചു. ഫലമുണ്ടാകാത്തതിനെ തുടർന്ന് പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയും സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും വോട്ടവകാശം ഉറപ്പുവരുത്തുകയും ചെയ്തു.
2007 മുതൽ, നമ്മുടെ സൈനികരോടുള്ള ആദരവായി ഒരു ദേശീയ യുദ്ധ സ്മാരകം നിർമ്മിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാർ ഈ ആശയത്തെ പിന്തുണയ്ക്കാതെ വന്നതോടെ, ബെംഗളൂരുവിൽ ഒരു ദേശീയ സൈനിക സ്മാരകം ആരംഭിക്കാൻ അദ്ദേഹം എല്ലാ പിന്തുണയും നൽകി. ദേശീയ യുദ്ധ സ്മാരകം എന്ന അദ്ദേഹത്തിന്റെ ദീർഘകാല സ്വപ്നം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് ഒടുവിൽ യാഥാർഥ്യമായത്.
കാർഗിൽ വിജയ് ദിവസ് സമുചിതമായി ആചരിക്കണമെന്ന ആവശ്യം 2009-ൽ അദ്ദേഹം മുന്നോട്ടുവച്ചു. അത് ഔപചാരികമായി ആഘോഷിക്കാൻ സർക്കാർ സമ്മതിക്കുകയും ചെയ്തു.
രാജ്യം പരംവീരചക്ര നൽകി ആദരിച്ച സിക്യുഎംഎച്ച് അബ്ദുൾ ഹമീദിന്റെ സ്മാരകം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കാതിരുന്നപ്പോൾ അത് നവീകരിക്കുന്നതിനും പുനർ നിർമ്മാണത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി. ഫ്ലാഗ്സ് ഓഫ് ഓണർ ഫൗണ്ടേഷനിലൂടെ, ഇന്ത്യയിലുടനീളമുള്ള നിരവധി സൈനികർക്കും വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്കും അദ്ദേഹം സഹായങ്ങൾ നൽകി.
സൈന്യത്തിനും സൈനികർക്കും വേണ്ടിയുള്ള സമർപ്പിത സേവനങ്ങൾ കണക്കിലെടുത്ത്, സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡ് അദ്ദേഹത്തെ പ്രത്യേകം ആദരിച്ചിട്ടുണ്ട്.
2009-ൽ, വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകളും ഗ്രാമങ്ങളും പുനർനിർമ്മിക്കാൻ, കർണാടക സർക്കാരുമായി ചേർന്ന് ‘ആസാരെ’ എന്ന പേരിൽ പൊതു-സ്വകാര്യ പദ്ധതിക്ക് രൂപം നൽകി. അൻപതിലധികം കമ്പനികളെ ഒരുമിപ്പിച്ച് ദുരിതബാധിത കുടുംബങ്ങൾക്ക് 80,000 വീടുകൾ നിർമിച്ചുനൽകി. മൂന്ന് ഗ്രാമങ്ങൾ അദ്ദേഹം വ്യക്തിപരമായി ദത്തെടുക്കുകയും അവിടെ നൂറുകണക്കിന് വീടുകൾ നിർമിക്കുകയും ചെയ്തു.
2009-2010 കാലഘട്ടത്തിൽ, ബെംഗളൂരുവിനെ ലോകോത്തര നഗരമാക്കി വികസിപ്പിക്കുകയെന്ന വ്യക്തമായ കാഴ്ചപ്പാടോടെ ഒരു ദീർഘകാല പദ്ധതിയിലും അദ്ദേഹം സജീവമായി. ABIDe (അജണ്ട ഫോർ ബെംഗളൂരു ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ്) ടാസ്ക് ഫോഴ്സിന്റെ കൺവീനർ എന്ന നിലയിൽ, പ്ലാൻ ബെംഗളൂരു 2020 എന്ന പേരിൽ നഗരത്തിന്റെ വികസനത്തിനായുള്ള വിശദമായ ബ്ലൂപ്രിന്റിനും വിഷൻ ഡോക്യുമെന്റിനും രൂപം നൽകി. ഇന്ത്യയിൽ ഇത്തരത്തിൽ തയ്യാറാക്കിയ ആദ്യത്തെ നഗര വികസന പദ്ധതിയാണിത്. തന്റെ എൻ ജി ഒ ആയ നമ്മ ബെംഗളൂരു ഫൗണ്ടേഷൻ വഴി, കൈയേറ്റക്കാരിൽ നിന്ന് തടാകങ്ങളും ഭൂമിയും തിരിച്ചുപിടിക്കുക, താമസസ്ഥലങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുക, സത്യസന്ധരായ പൊതുപ്രവർത്തകരെ അംഗീകരിക്കുക തുടങ്ങിയ നിരവധി സംരംഭങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
RERA നിയമവുമായി ബന്ധപ്പെട്ട സെലക്ട് കമ്മിറ്റിയുടെ ഭാഗമായിരുന്നു അദ്ദേഹം. വീട് വാങ്ങുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കാൻ, റിയൽ എസ്റ്റേറ്റ് ലോബിയുടെ കടുത്ത സമ്മർദങ്ങൾ അതിജീവിച്ചും അദ്ദേഹം പ്രവർത്തിച്ചു. പൗരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടും മന്ത്രാലയവുമായി അടുത്ത് പ്രവർത്തിച്ചുകൊണ്ടും കരട് നിയമങ്ങൾ തയ്യാറാക്കാൻ അദ്ദേഹം സഹായിച്ചു.
ജിഎസ്ടി നിയമത്തിനായുള്ള സെലക്ട് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. മാധ്യമങ്ങളിലൂടെയും പൊതുചർച്ചകളിലൂടെയും ജിഎസ്ടിയെ സജീവമായി പിന്തുണച്ചു. നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്ന ദീർഘകാല പരിഷ്കാരമാണ് ജിഎസ്ടി എന്നും അദ്ദേഹം വിശദീകരിച്ചു.
2006 മുതൽ 2021 വരെയുള്ള എല്ലാ ബജറ്റ് ചർച്ചകളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. ഇന്ത്യയ്ക്ക് എങ്ങനെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവച്ചു. പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം നിക്ഷേപവും സാമ്പത്തിക വളർച്ചയുമാണെന്ന് വാദിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ നിറവേറ്റാൻ സഹായിക്കുന്ന വിധം ആധാർ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്നതിനെക്കുറിച്ച് സർക്കാരിന് നിരവധി നിർദ്ദേശങ്ങൾ നൽകി. ആവശ്യമായ സുരക്ഷാ നടപടികൾ വിശദീകരിക്കാൻ ചുമതലപ്പെട്ടവരുമായി കൂടിക്കാഴ്ചകൾ നടത്തി.
ഡിജിറ്റൽ ഉപഭോക്തൃ അവകാശങ്ങൾ, കോൾ ഡ്രോപ്പുകൾ, നെറ്റ് ന്യൂട്രാലിറ്റി തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ആദ്യമായി ഉന്നയിച്ചതും ശക്തമായ പൊതുജന പിന്തുണ വളർത്തിയെടുക്കാൻ സഹായിച്ചതും അദ്ദേഹമാണ്. ഉപഭോക്തൃ അവകാശങ്ങൾക്കായി അദ്ദേഹം തളരാതെ പോരാടി. ട്രായും സർക്കാരും പോലും അദ്ദേഹത്തിന്റെ നിലപാടുകളെ അംഗീകരിച്ചു. ട്രായുമായുള്ള ചർച്ചകളിൽ വ്യക്തവും വിശദവുമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.
2016-ൽ, ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിലെ വർധിച്ചുവരുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം, ഈ പുതിയ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ നിയമങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പരിപാടിയുടെ ശക്തനായ വക്താവാണ് അദ്ദേഹം. ടെലികോം ഉദാരവൽക്കരണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ പുറത്തിറക്കിയ പുതിയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നയത്തിന്റെ കരട് രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
സാമൂഹ്യ മാധ്യമങ്ങളുടെയും ടെക് പ്ലാറ്റ്ഫോമുകളുടെയും സ്വാധീനം മനസ്സിലാക്കിയ ആദ്യ എംപിമാരിൽ ഒരാളായിരുന്നു അദ്ദേഹം. അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും അദ്ദേഹം ചർച്ചകൾക്ക് തുടക്കമിട്ടു. വമ്പൻ ടെക് കമ്പനികളെ നിയന്ത്രിക്കുന്നത് ഉൾപ്പെടെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നയങ്ങളിൽ അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഏറെ ശ്രദ്ധേയമാണ്.
5ജിയുടെ സാധ്യതകൾ മുൻകൂട്ടി കണ്ട് പദ്ധതികൾ ആവിഷ്കരിക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മൊബൈൽ ഇന്റർനെറ്റിനപ്പുറം, മെഷീൻ-ടു-മെഷീൻ (M2M) ആശയവിനിമയത്തിനും ഇന്റർനെറ്റ് ഓഫ് തിംഗ്സിനും (IoT) വേണ്ടിയുള്ള പ്രധാന സാങ്കേതിക വിദ്യയായും 5G-യെ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു.
ഒരു കാലത്ത് ഇന്ത്യൻ എയർഫോഴ്സിന്റെ അഭിമാനമായിരുന്ന ഡക്കോട്ട വിമാനങ്ങളിലൊന്ന് പ്രവർത്തനസജ്ജമാക്കി എയർഫോഴ്സിന് കൈമാറി. “പരശുരാമ” എന്ന് പേരിട്ട ഡക്കോട്ട വിമാനം 2018 ഫെബ്രുവരി 13-ന് വ്യോമസേനാ മേധാവി ഏറ്റുവാങ്ങി ഇന്ത്യൻ വ്യോമസേനയുടെ വിന്റേജ് ഫ്ലീറ്റിൽ ഔദ്യോഗികമായി ചേർത്തു. ഉപയോഗശൂന്യമായ വിമാനം വിലകൊടുത്തു വാങ്ങി യുകെയിലേക്ക് അയച്ച് പുതുക്കിപ്പണിത് പ്രവർത്തനസജ്ജമാക്കുകയായിരുന്നു. 1947 ലെ കശ്മീർ യുദ്ധത്തിൽ ശ്രീനഗറിനെ പ്രതിരോധിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിച്ചതിനാൽ ഡക്കോട്ടയ്ക്ക് ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട്.
റിപ്പബ്ലിക് ദിനത്തിലും മറ്റ് വ്യോമസേനാ ഫ്ലൈ പാസ്റ്റുകളിലും പരശുരാമ ഇന്നൊരു പതിവ് സാന്നിധ്യമാണ്.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും കടത്തുന്നതിനെക്കുറിച്ചും അവബോധം വളർത്തുന്നതിനുള്ള പ്രചാരണങ്ങൾക്ക് 2013 മുതൽ അദ്ദേഹം നേതൃത്വം നൽകി. ഈ വിഷയങ്ങളിലേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകർഷിക്കുന്നതിനൊപ്പം മാതാപിതാക്കളുടെ നിയമപരമായ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു. എൻ സി പി ഒ സി യുടെ ബാനറിൽ നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിൽ സിഎഎ നടപ്പിലാക്കുന്നതിനും പ്രതിപക്ഷത്തിന്റെ നുണകളും കാപട്യവും തുറന്നുകാട്ടുന്നതിനും വേണ്ടി നിരന്തരം പ്രചാരണം നടത്തി.
പൗരന്മാർക്ക് രാഷ്ട്രീയവും സാമ്പത്തികവുമായി ഗുണം ചെയ്യുമെന്നതിനാൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ അദ്ദേഹം പിന്തുണച്ചു.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം (പിസിഎ) പുതുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹം പലതവണ വിരൽ ചൂണ്ടി. മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്ക് കൂടുതൽ ശക്തമായ ശിക്ഷകൾ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി, നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ സമ്മതിച്ചു.
ലോക്ക്ഡൗൺ കാലത്ത് എംഎസ്എംഇകളെ സഹായിക്കുന്നതിനായി പുതിയൊരു സംരംഭത്തിന് തുടക്കമിടുകയും അവരുടെ പ്രശ്നങ്ങൾ പതിവായി ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
കോവിഡ് വ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ, ബെംഗളൂരുവിലെ പാവപ്പെട്ടവരും ദുർബലരുമായ ആളുകൾക്ക് പലചരക്ക് കിറ്റുകളും മരുന്നുകളും നൽകി അദ്ദേഹം സഹായിച്ചു. നഗരത്തിലുടനീളം വാക്സിനേഷൻ ക്യാമ്പുകളും കോവിഡ് പരിശോധനയും സംഘടിപ്പിച്ചു.