കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പിണറായി വിജയൻ സർക്കാർ മനഃപൂർവം പൂഴ്ത്തിവെക്കുകയാണ്. ഒരു കമ്മീഷൻ റിപ്പോർട്ട് പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചുകൊണ്ട് അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഈ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കാൻ തയ്യാറാകണമെന്ന് ബിജെപി വെല്ലുവിളിക്കുന്നു.
സർക്കാരിന്റെ നടപടി തികഞ്ഞ കാപട്യമാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച 222 പദ്ധതികളും വെറും പ്രഹസനമാണ്. ക്രൈസ്തവ സമൂഹത്തിന് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തിയ ഈ പ്രഖ്യാപനം, യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ക്രൈസ്തവ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതുമുന്നണി സർക്കാരിന്റെ രാഷ്ട്രീയ തന്ത്രം മാത്രമാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് തയ്യാറാക്കിയ ഒരു സുപ്രധാന റിപ്പോർട്ടിനെ സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്.
ഈ വിഷയത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പുലർത്തുന്ന മൗനവും സംശയാസ്പദമാണ്. റിപ്പോർട്ട് 33 മാസത്തോളം സർക്കാർ മറച്ചുവെച്ചിട്ടും നിയമസഭയ്ക്കകത്തോ പുറത്തോ കോൺഗ്രസ് ഒരു പ്രതിഷേധം പോലും സംഘടിപ്പിച്ചില്ല. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഈ ഒളിച്ചുകളി, റിപ്പോർട്ടിലെ കണ്ടെത്തലുകളെ ഇരുമുന്നണികളും ഭയക്കുന്നു എന്നതിന്റെ തെളിവാണ്. അതിനാൽ, റിപ്പോർട്ട് എന്തിനാണ് പൂഴ്ത്തിവെക്കുന്നതെന്ന് മുഖ്യമന്ത്രിയും കോൺഗ്രസും ഒരുപോലെ ജനങ്ങളോട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
അഡ്വ. ഷോൺ ജോർജ്
#APAKADAMPolitics