ഇടുക്കി സൂര്യനെല്ലിയിൽ മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മാരിയമ്മാൾ എന്ന അമ്മ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. പരിക്കേറ്റ ആ കുഞ്ഞ് ഇന്ന് ആശുപത്രി കിടക്കയിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം അഞ്ച് ജീവനുകളാണ് വന്യജീവി ആക്രമണങ്ങളിൽ ഈ നാട്ടിൽ പൊലിഞ്ഞത്. സ്വന്തം മണ്ണിൽ ഭയമില്ലാതെ ജീവിക്കാനുള്ള സാധാരണക്കാരൻ്റെ അവകാശത്തിന് മേലാണ് കാട്ടുമൃഗങ്ങൾ നിരന്തരം ചോര വീഴ്ത്തുന്നത്.
വന്യജീവി ശല്യത്തിന് അറുതിവരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഭരണകൂടം ഇന്ന് വെറും നോക്കുകുത്തികളാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ തൊണ്ടപൊട്ടി പ്രതിഷേധിച്ച കോൺഗ്രസും യുഡിഎഫും അധികാരത്തിലെത്തിയപ്പോൾ, മുൻപത്തെ ഇടത് സർക്കാരിന്റെ അതേ കെടുകാര്യസ്ഥതയുടെയും നിസ്സംഗതയുടെയും പാത തന്നെയാണ് പിന്തുടരുന്നത്.
ഭരണം മാറുമ്പോഴും മനുഷ്യൻ്റെ ജീവൻ വെച്ച് പന്താടുന്ന ഈ രാഷ്ട്രീയ കാപട്യം അവസാനിപ്പിച്ചേ തീരൂ. വെറും പ്രസ്താവനകളിൽ ഒതുക്കാതെ, സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും നൂതന സാങ്കേതികവിദ്യകളുടെ പൂർണ്ണ സഹായത്തോടെ മനുഷ്യജീവന് സംരക്ഷണം നൽകാനുള്ള അടിയന്തര പരിഹാരം കണ്ടെത്തുകയും വേണം.
#APAKADAMPolitics