‘അരിമണി ഒന്ന് കൊറിക്കാൻ ഇല്ല കരിവള ഇട്ട് നടക്കാൻ മോഹം’- മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ ഇതിനും നല്ലൊരു ചൊല്ലില്ല. പ്രതിപക്ഷത്തായിരുന്നപ്പോൾ കേരളത്തിൻ്റെ ഖജനാവിൽ പൂച്ചപ്പെറ്റു കിടക്കുന്നു എന്ന് നിരന്തരം വിമർശിച്ചയാളായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശൻ.
അധികാരത്തിൽ കയറിയ ഉടനെ പുറത്തറിക്കിയ ധവള പത്രത്തിലും കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 5.07 ലക്ഷം കോടിയാണ് കേരളത്തിൻ്റെ ആകെ കട ബാധ്യത. വരുമാനത്തിൻ്റെ 77% വും ചെലവഴിക്കുന്നതോ ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവക്കും.
പൊതുമേഖ സ്ഥാപനങ്ങളുടെ നഷ്ടം 78,851 കോടി രൂപയാണ്. രാജ്യത്തെ തന്നെ മൂലധനച്ചെലവ് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
എന്നാൽ ഈ യാഥാർത്ഥ്യത്തെ പൂർണമായും മറന്നുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റ് നിറയെ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷൂറൻസ്, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾക്കായി ഗ്ലോബൽ വാച്ച് ടവർ, ഇൻവെസ്റ്റ് കേരളം - പ്രത്യേക സെൽ, തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, എൻപിഎസ് സംവിധാനം പരിഷ്കരിക്കൽ തുടങ്ങിയ അനവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
പക്ഷേ, ഇതിനുള്ള തുക എവിടുന്നെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. സംസ്ഥാനത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ ജനങ്ങളെ കണ്ണിൽപൊടിയിടാൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന എൽഡിഎഫിൻ്റെ അതേ രീതി തന്നെ യുഡിഎഫും പിന്തുടരുന്നു. അതുകൊണ്ടു തന്നെ ബജറ്റിലെ പ്രഖ്യാപനങ്ങൾ വെറും പ്രഖ്യാപനങ്ങൾ മാത്രമായി ബജറ്റ് പേപ്പറിൽ തന്നെ അവശേഷിക്കും.
#APAKADAMPolitics